ബ്രോ ഡാഡി തെലുങ്കിലേക്ക് ? അച്ഛനും മകനുമാകാൻ വെങ്കിടേഷും റാണയും.

ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്ട് ഒടിടി ആയിട്ടാണ് ചിത്രം എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. ഇപ്പോഴിതാ ബ്രോ ഡാഡി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

തെലുങ്ക് റീമേക്കിൽ മോഹൻലാലിൻറ്റെയും പൃഥ്വിരാജിൻറ്റെയും വേഷം അവതരിപ്പിക്കുന്നത് വെങ്കിടേഷും റാണ ദഗ്ഗുബതിയും ആണെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. നിർമ്മാതാവായ സുരേഷ് ബാബു സിനിമയുടെ റീമേക്ക് അവകാശത്തിനായി ബ്രോ ഡാഡിയുടെ നിർമ്മാതാക്കളെ സമീപിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.

ആശീർവാദ് സിനിമാസിൻറ്റെ ബാനറിൽ ആൻറ്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മലയാളത്തിലെ വൻതാരനിരയാണ് അണിനിരന്നത്. മോഹൻലാലിനും പൃഥ്വിരാജിനും പുറമേ മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ്, മുരളി ഗോപി, കനിഹ, സൌബിൻ സാഹിർ, ഉണ്ണി മുകുന്ദൻ, കാവ്യ ഷെട്ടി, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഒട്ടേറെ നർമ്മ മൂഹൂർത്തങ്ങളാൽ സമ്പന്നമായ ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ – പ്രണയ ചിത്രമാണ് ബ്രാ ഡാഡി. അച്ഛനും മകനും ആയിട്ടാണ് മോഹൻലാലും പൃഥ്വിരാജും ചിത്രത്തിൽ എത്തിയത്. വ്യത്യസ്തമായ ഒരു അച്ഛൻ – മകൻ കൂട്ടുകെട്ടിനെ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്നാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കിയത്. പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു ബ്രോ ഡാഡി.