കെട്ട്യോളാണ് എൻറ്റെ മാലാഖ മൂവി ഫെയിം നിസാം ബഷീറിൻറ്റെ സംവിധാനത്തിൽ നായകനായി മമ്മൂട്ടി

കെട്ട്യോളാണ് എൻറ്റെ മാലാഖ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി മമ്മൂട്ടി. ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രത്തിൻറ്റെ രചന നിർവ്വഹിക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സമീർ അബ്ദുൾ ആണ്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിൻറ്റെ ഷൂട്ടിംങ് ചാലക്കുടിയിൽ ആരംഭിച്ചു. ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ്, സഞ്ജു ശിവറാം, ഗ്രേസ് ആൻറ്റണി, ബിന്ദു പണിക്കർ, ബാബു അന്നൂർ, അനീഷ് ഷൊർണൂർ, റിയാസ് നർമ്മകല, ജോർഡി പൂഞ്ഞാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏപ്രിൽ മൂന്ന് മുതൽ മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കൊച്ചിയാണ് ചിത്രത്തിൻറ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ. നിമീഷ് രവിയാണ് ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മിഥുൻ മുകുന്ദനാണ് ചിത്രത്തിൻറ്റെ സംഗീതസംവിധാനം. എഡിറ്റിംങ് കിരൺ ദാസ്, കലാസംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രാളർ പ്രശാന്ത് നാരായണൻ, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സമീറ സനീഷ്, സ്റ്റിൽസ് ശ്രീനാഥ് എൻ ഉണ്ണഇകൃഷ്ണൻ, പിആർഒ പി ശിവപ്രസാദ് തുടങ്ങിയവരും നിർവ്വഹിക്കുന്നു.

മമ്മൂട്ടിയുടെ നിർമ്മാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ആദ്യമായി സംവിധാനം ചെയ്യുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രമാണ് മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ആദ്യ ചിത്രം.

അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവ്വമാണ് ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. നവാഗതയായ റത്തീന ഷർഷാദ് ഒരുക്കുന്ന പുഴു, സിബിഐ അഞ്ചാം ഭാഗം എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടിയുടെ മലയാള ചലച്ചിത്രങ്ങൾ.